Saturday, August 5, 2017

ബ്ലൂ വൈൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം part 2

പ്രത്യേക ആപ്ലിക്കേഷനോ വെബ്സൈറ്റോ വേണ്ടാതെ സോഷ്യൽ മീഡിയയിലൂടെ മാത്രം ‘കളിക്കാമെന്നതാണ്’ ആത്മഹത്യാചാലഞ്ചിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ആകർഷിക്കുന്നത്. ബുഡെയ്കിനൊപ്പം തന്നെ ഒരുകൂട്ടം പേരുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ‘ഗ്രൂപ്പ് ഓഫ് ‍ഡെത്ത്’ എന്ന ഗ്രൂപ്പിൽ പെട്ട റഷ്യയിലെ പെൺകുട്ടിക്ക് സമാനമായ അനുഭവമുണ്ടായത് അധ്യാപകരോട് തുറന്നു പറഞ്ഞതു കൊണ്ടു മാത്രമാണ് രക്ഷയായത്. ഇങ്ങനെ വികെ വെബ്സൈറ്റിൽ ബുഡെയ്കിനോടൊപ്പം ഒട്ടേറെ അഡ്മിനുകൾ പലതരം ഗ്രൂപ്പുകൾ രൂപീകരിച്ച് രംഗത്തു വന്നു. 

ഈ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നവർ അക്കാര്യം പറഞ്ഞു കൊണ്ട് ‘വികെ’യിൽ പോസ്റ്റിടുകയാണ് ആദ്യപടി. ഇതോടൊപ്പം പലതരം ഹാഷ്ടാഗുകൾ നൽകണം. ഗെയിമുമായി ബന്ധപ്പെട്ട പേരുകളും പ്രയോഗങ്ങളുമാണ് ഹാഷ്ടാഗായി ഉപയോഗപ്പെടുത്തുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഹാഷ്ടാഗുകൾ വഴിയാണ് അഡ്മിനുകൾ ഇരകളെ കണ്ടെത്തുക. എല്ലാവരെയുമില്ല, 14നും 18നും ഇടയിൽ പ്രായമുള്ളവരെയാണ് പ്രധാനമായും ഗ്രൂപ്പിലേക്കു ക്ഷണിക്കുക. എന്നാൽ ഹാഷ്ടാഗുകൾ കണ്ടെത്തിയതോടെ ഇത്തരത്തിൽ പോസ്റ്റിടുന്നവരെ തിരഞ്ഞുപിടിച്ച് കൗൺസലിങ് കൊടുക്കാനും അധികൃതർക്കായി. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ റഷ്യൻ സർക്കാരാകട്ടെ സമൂഹമാധ്യമങ്ങൾ വഴി ആത്മഹത്യാപ്രവണത വളർത്തുന്ന നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് തടവുശിക്ഷ ഉറപ്പാക്കാനുള്ള ബിൽ നിർദേശവും പാർലമെന്റിൽ വച്ചു. ഹാക്കർമാരുടെ സംഘവും ഇത്തരം പോസ്റ്റുകൾ വഴി ‘ആത്മഹത്യാഗ്രൂപ്പ്’ അഡ്മിൻമാരെ കണ്ടെത്തി പണികൊടുക്കുന്നുണ്ട്. 

എഫ്ബിയിലും ഇൻസ്റ്റഗ്രാമിലുമെല്ലാമുണ്ട് ഇവർ

വികെയിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ചാലഞ്ചിനെ ഫെയ്സ്ബുക്കിലേക്കും ട്വിറ്ററിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വലിച്ചിഴച്ചതും ബുഡെയ്കിനെപ്പോലുള്ള ‘സൈക്കോ’കളാണ്. തങ്ങളുടെ ഇരകളുടെ മാനസികനിലയെപ്പറ്രി കൃത്യമായ ധാരണകളുണ്ടാകും ഇവർക്ക്. പൂച്ച എലിയെ തട്ടിക്കളിക്കുന്നതുപോലെ ഇരകളെ തട്ടിക്കളിക്കാൻ ഇഷ്ടപ്പെടുന്നവരുമാണിവർ. ബുഡെയ്കിനാകട്ടെ സൈക്കോളജി വിദ്യാർഥിയായിരിക്കെ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ്. മാനസിക നില തകർന്ന ആ ഇരുപത്തിയൊന്നുകാരൻ കൊളുത്തിവിട്ട തീ ഇന്ന് ലോകമെമ്പാടും അയാളുടെ ആജ്ഞാനുവർത്തികളായ ഒട്ടേറെ വ്യാജന്മാരാണ് ഏറ്റെടുത്തിരിക്കുന്നതെന്നു ചുരുക്കം. തങ്ങളുടേതായ ടാസ്കുകൾക്കും അവർ രൂപം നൽകുന്നു. 

ഒരാളെ ‘കൈപിടിച്ചു കൊണ്ടു പോയി’ കൊന്നുകളയുന്ന ഗെയിമിൽ ആവേശം കൊള്ളുന്നവരാണ് നിലവിലെ ഇതിന്റെ അഡ്മിൻമാർ. അവർക്കുള്ള ഇരകൾക്കാകട്ടെ നെറ്റ്‌ലോകത്ത് യാതൊരു പഞ്ഞവുമില്ല താനും. ചാലഞ്ചിനെപ്പറ്റിയുള്ള കൗതുകത്തിന്റെ പേരിൽ ഇതിലേക്ക് ചേരാൻ ശ്രമം നടത്തുന്നവരും ഇന്നേറെയുണ്ട്. വികെ വെബ്സൈറ്റിൽത്തന്നെ ഈ ചാലഞ്ചിന്റെ പേര് ടൈപ് ചെയ്തു നോക്കിയാൽ ഇതിനെപ്പറ്റി അന്വേഷിച്ച് പോസ്റ്റിട്ടിരിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരെ കാണാം. ധൈര്യമുണ്ടെങ്കിൽ തന്നെ ആത്മഹത്യ ചെയ്യിക്ക് എന്ന് വെല്ലുവിളി നടത്തുന്നവരുമുണ്ട്. ഇത്തരക്കാരെയൊക്കെ കുടുക്കാൻ തക്ക കഴിവുള്ള ‘സൈക്കോപാത്തു’കളാണ് വല വിരിച്ചു കാത്തിരിക്കുന്നതെന്നു മാത്രം ആരും മനസിലാക്കുന്നില്ല. 

വൈറസുകളുമുണ്ട് വെല്ലുവിളിയായി...

അതേസമയം അവസരം മുതലാക്കാനായി മറ്റ് വ്യാജന്മാരും എത്തിയിട്ടുണ്ട്. നിലവിൽ ഈ ഗെയിമിന്റെ പേരിൽ പ്ലേസ്റ്റോറിൽ ഉൾപ്പെടെ കിടക്കുന്നതെല്ലാം വ്യാജന്മാരോ  സമുദ്രജീവികളെ പരിചയപ്പെടുത്തുന്ന ആപ്പുകളോ ആണ്. പ്ലേസ്റ്റോറിൽ അനധികൃത ആപ്പുകൾ കയറ്റിവിടാൻ അത്ര ബുദ്ധിമുട്ടുമില്ല. അതിനാൽത്തന്നെ ആത്മഹത്യാഗെയിമിന്റെ പേരിലുള്ള ഉപദ്രവകാരികളായ ആപ്പുകൾ കൂടി വരികയാണ്.  പല സൈറ്റുകളിലും കയറി അവിടെ തങ്ങളുടെ ലിങ്കുകളും കയറ്റിവിടുന്നുണ്ട് ഹാക്കർമാർ. എല്ലാറ്റിലും ഈ ചാലഞ്ചിലേക്കുള്ള ക്ഷണമാണ്. പക്ഷേ നിങ്ങളുടെ ബാങ്കിങ് ഇടപാടു വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടുന്ന പതിവ് ‘ഫിഷിങ്’ രീതി തന്നെയാണിത്. മിക്കവരും ആ ‘ചൂണ്ടയിൽ’ കൊത്തുമെന്നും ഈ കള്ളലിങ്കുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കറിയാം. ഇൻകംടാംക്സ് റിട്ടേൺ കാലത്ത് നികുതിവകുപ്പിൽ നിന്നുള്ളതാണെന്ന മട്ടിലെത്തുന്ന വ്യാജമെയിലുകൾക്ക് സമാനമാണ് ഇതും. ആവേശത്തിന്റെയും കൗതുകത്തിന്റെയും പുറത്ത് പലരും ഇത് ക്ലിക്ക് ചെയ്യുന്നുമുണ്ട്. പക്ഷേ ആ ലിങ്ക് നയിക്കുന്നത് Malicious ആയ മറ്റ് ആപ്പുകളിലേക്കും വെബ്സൈറ്റുകളിലേക്കുമാണ്. ഇക്കാര്യത്തിലും വേണം ശ്രദ്ധ.

കളിതമാശയല്ല ഇത്!

ഇക്കഴിഞ്ഞ ഒരാഴ്ച ഗൂഗിളിൽ ഏറ്റവും തിരഞ്ഞ കീ വേഡുകളിലൊന്നും ഈ ചാലഞ്ചിന്റെ പേരാണെന്നത് ഭീതിയുടെ ആഴം കൂട്ടുന്നു. അതിൽ ഇന്ത്യയിൽ നിന്നുള്ളവരുമുണ്ട് ഏറെ. ഫെയ്സ്ബുക്, ട്വിറ്റർ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോൾ ഈ ചാലഞ്ചിനെപ്പറ്റി സേർച്ച് ചെയ്താൽ ആത്മഹത്യയിൽ നിന്നു രക്ഷപ്പെടാനുള്ള വഴികളിലേക്കും ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ സഹായിക്കുന്ന തരം പോസ്റ്റുകളിലേക്കുമായിരിക്കും എത്തിപ്പെടുക. ഇന്ത്യയിൽ ഉൾപ്പെടെ സർക്കാർ ഇടപെട്ടു തന്നെ കുട്ടികൾക്ക് കൗൺസലിങ്ങിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.സ്കൂളുകളിലും വീടുകളിലുമെല്ലാം കുട്ടികളുമായി അരമണിക്കൂറെങ്കിലും സംസാരിക്കാൻ അധ്യാപകരും മാതാപിതാക്കളും തയാറാകണമെന്ന അഭ്യർഥനയുമുണ്ട്. സാമൂഹികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെയാണ് ഇത്തരം ചാലഞ്ചുകൾ പ്രധാനമായും ആക്രമിക്കുന്നത്. ആരുടെയെങ്കിലും പ്രൊഫൈലിൽ ഇത്തരം ഹാഷ്ടാഗുകളോ േദഹത്ത് മുറിവേൽപ്പിച്ചിട്ടുള്ളതു പോലുള്ള ചിത്രങ്ങളോ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. തമാശയാണെന്നു കരുതി തള്ളിക്കളയാനും നിക്കരുത്

No comments:

Post a Comment

ബ്ലൂ വൈൽ നിങ്ങൾക്ക് അറിയേണ്ടതെല്ലാം part 2

പ്രത്യേക ആപ്ലിക്കേഷനോ വെബ്സൈറ്റോ വേണ്ടാതെ സോഷ്യൽ മീഡിയയിലൂടെ മാത്രം ‘കളിക്കാമെന്നതാണ്’ ആത്മഹത്യാചാലഞ്ചിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ആകർഷിക...

Popular posts